തിരുവനന്തപുരം : രാഹുലിനെ പോലീസ് മനഃപൂർവം സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി. നേതാവ് സി. കൃഷ്ണകുമാർ ആരോപിച്ചു. അറസ്റ്റ് ചെയ്യാതെ മുൻകൂർ ജാമ്യത്തിന് പോലീസ് അവസരം ഒരുക്കുകയാണ്. ഗുരുതരമായ കുറ്റം ചെയ്തിട്ടും ശക്തമായ വകുപ്പുകൾ ചേർത്തിട്ടില്ല.9Rahul's arrest delayed due to Congress-CPM understanding, alleges BJP)
രാഹുൽ കേരളത്തിൽത്തന്നെ ഉണ്ട്; അറസ്റ്റ് വൈകിക്കുന്നത് കോൺഗ്രസ് - സിപിഎം ധാരണയാണ് എന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റ് വൈകുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും, മുൻകൂർ ജാമ്യാപേക്ഷയിൽത്തന്നെ രാഹുൽ കുറ്റം സമ്മതിക്കുന്നുണ്ടെന്നും ബി.ജെ.പി. ആരോപിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. രംഗത്തെത്തി. "രാഹുലിന് തെറ്റുപറ്റി. എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്." ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് പ്രതികരിച്ച സുധാകരൻ, ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കൾ പരസ്യമായി രാഹുലിനെ തള്ളിപ്പറയുമ്പോഴും, കോൺഗ്രസ് മുഖപത്രമായ വീക്ഷണം രാഹുലിന് പൂർണ്ണ പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് മുഖപത്രം പറയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും തോൽപ്പിച്ചതാണ് രാഹുൽ ചെയ്ത 'കുറ്റം' എന്നും, ചെറുപ്പക്കാർ കോൺഗ്രസിൽ വളരുന്നതിലുള്ള ഭയം സിപിഎമ്മിനുണ്ടെന്നും പത്രം വാദിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ ഒളവിൽ കഴിയുകയാണ്. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്.