തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റ് തടഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള പോലീസിന്റെ അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയിരുന്നത്.(Rahul Mamkootathil is still absconding, Investigation team returns to Kerala)
11 ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാമത്തെ കേസിൽക്കൂടി മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രമേ കേരളത്തിലേക്ക് മടങ്ങിയെത്താൻ സാധ്യതയുള്ളൂ എന്നാണ് വിവരം. അറസ്റ്റ് തടഞ്ഞ സാഹചര്യത്തിൽ, കേസിലെ അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, രണ്ടാമത്തെ കേസിൽ അതിജീവിത ഇതുവരെയും മൊഴി നൽകിയിട്ടില്ല. അവരിൽ നിന്ന് നേരിട്ട് മൊഴിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണ്ണമായും കൈയൊഴിഞ്ഞ കോൺഗ്രസ് നേതൃത്വം, അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ചു.
"രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ട് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടെന്ന് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു." അന്വേഷണ സംഘത്തിന്റെ തലവൻ പോലീസ് അസോസിയേഷന്റെ നേതാവാണെന്നും, അവർ രാഹുലിനെ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ എന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.