തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിർബന്ധിത ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) 89 വകുപ്പ് പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ.(Rahul Mamkootathil has been charged with offences punishable by up to 10 years in prison)
അധികാര സ്ഥാനം ഉപയോഗിച്ച് ബലാത്സംഗം ചെയ്യുക (BNS 64(2)(എഫ്)), ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്യുക (BNS 64(2)(എച്ച്)), തുടർച്ചയായ ബലാത്സംഗം (BNS 64(2)(എം)) എന്നിവ ചുമത്തിയിട്ടുണ്ട്. നിർബന്ധിത ഭ്രൂണഹത്യ (BNS 89), കഠിനമായ ദേഹോപദ്രവം (BNS 115(2)), അതിക്രമം (BNS 351(3)) തുടങ്ങിയവയും ചുമത്തി. കൂടാതെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 66(ഇ) പ്രകാരം അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ ചിത്രീകരിക്കുക/പ്രസിദ്ധീകരിക്കുക എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും (വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ) മെഡിക്കൽ രേഖകളും കൈമാറിയത്. റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താൻ പൊലീസ് അപേക്ഷ നൽകും.
താൻ നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഗർഭച്ഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചതെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഗുളിക കഴിച്ചത്. ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
രാഹുലിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. രാഹുലിന്റെ സുഹൃത്ത്, അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.