തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റിയ രാഹുൽ ഈശ്വർ ഇന്നലെ വൈകുന്നേരം മുതൽ ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കഴിക്കുകയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.(Rahul Easwar, who is on hunger strike in jail, will file a bail application tomorrow)
ജില്ലാ ജയിലിലെ ഡോക്ടർ ഇന്ന് രാഹുൽ ഈശ്വറെ പരിശോധിക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നിലവിൽ വെള്ളം കുടിക്കുന്നതിനാൽ മറ്റു പ്രശ്നങ്ങളില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. രാഹുൽ ഈശ്വർ ജില്ലാ ജയിൽ ബി ബ്ലോക്കിലാണ് കഴിയുന്നത്.
അതേസമയം, ജാമ്യാപേക്ഷ തള്ളിയതിനെതിരെ രാഹുൽ ഈശ്വർ നാളെ ജില്ലാ കോടതിയിൽ വീണ്ടും അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എ.സി.ജെ.എം. കോടതി തള്ളിയിരുന്നു. ഇതോടെയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോൾ ഇത്തരം പോസ്റ്റുകൾ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ.സി.ജെ.എം. കോടതി ജാമ്യം നിഷേധിച്ചത്.
അറസ്റ്റ് നിയമപരമല്ലെന്നും, യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചത്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.