തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രാഹുൽ ഈശ്വർ, ജയിലിൽ നിരാഹാരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. താൻ നിരാഹാര സമരത്തിലാണെന്ന് രാഹുൽ ജയിൽ സൂപ്രണ്ടിന് എഴുതി നൽകിയതോടെ, അദ്ദേഹത്തെ നിരീക്ഷിക്കാൻ ജയിൽ വകുപ്പ് തീരുമാനിക്കുകയായിരുന്നു.(Rahul Easwar transferred to Central Jail)
സെൻട്രൽ ജയിലിലേക്ക് മാറ്റിയതോടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭ്യമാകും. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് ഇദ്ദേഹം ജയിലിൽ കഴിയുന്നത്. അന്വേഷണം നടക്കുമ്പോൾ ഇത്തരം പോസ്റ്റുകൾ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എ.സി.ജെ.എം. കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെങ്കിലും, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചത്.
അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്-കർണാടക അതിർത്തിയായ ബാഗലൂരിലെ ഒരു റിസോർട്ടിലാണെന്ന് റിപ്പോർട്ട്. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയത്. പോലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അവിടെ നിന്ന് മുങ്ങുകയും തുടർന്ന് കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം പോയത് പൊള്ളാച്ചിക്കാണ്. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴി ഹൈവേ ഒഴിവാക്കിയാണ് എം.എൽ.എ. കടന്നിരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും വിവരമുണ്ട്. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും സൂചനയുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ (ബുധനാഴ്ച) പരിഗണിക്കും. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം.