തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ ജയിൽ ബി ബ്ലോക്കിൽ കഴിയുന്ന രാഹുൽ ഈശ്വർ ഇന്നലെ രാത്രി മുതൽ ഭക്ഷണം പൂർണ്ണമായി ഒഴിവാക്കി, വെള്ളം മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.(Rahul Easwar on hunger strike inside jail)
അതിനിടെ, സൈബർ അധിക്ഷേപ കേസിൽ റിമാൻഡ് ചെയ്യപ്പെട്ടതിനെതിരെ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എ.സി.ജെ.എം. (അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്) കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇത്തരം പോസ്റ്റുകൾ ഇട്ടതിനെ ചെറുതായി കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതേത്തുടർന്ന് രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് അറസ്റ്റിന് ശേഷം കോടതിയിൽ രാഹുൽ ഈശ്വർ പ്രധാനമായും വാദിച്ചത്. എന്നാൽ, ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എ.സി.ജെ.എം. കോടതിയുടെ ഉത്തരവിനെതിരെയാണ് ഇന്ന് ജില്ലാ കോടതിയെ സമീപിക്കുന്നത്.
ഇതേ കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിലുള്ള ഒരു നടപടിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം. രാഹുൽ ഈശ്വറിന്റെ അപ്പീലും സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നതോടെ കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാകും.