തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം ഫേസ്ബുക്കിൽ പ്രീ-പോൾ സർവേ ഫലം പങ്കുവെച്ചതിലൂടെ ബി.ജെ.പി. സ്ഥാനാർഥിയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി. ബന്ധപ്പെട്ട അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.( R Sreelekha has violated the code of conduct, says Minister V Sivankutty)
തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് ആർ. ശ്രീലേഖ ഇന്ന് രാവിലെ പങ്കുവെച്ചത്. 'സി ഫോർ സർവേ പ്രീ പോൾ ഫലം' എന്ന പേരിലാണ് ഈ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് പോളിങ് ദിവസം പ്രീ-പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ല. ഈ ചട്ടമാണ് ലംഘിക്കപ്പെട്ടതെന്നാണ് വിമർശനം.
നേരത്തെ, പ്രചാരണ ബോർഡുകളിൽ 'ഐ.പി.എസ്.' എന്ന് ഉപയോഗിച്ചതിനെതിരെയും ശ്രീലേഖക്കെതിരെ പരാതി ഉയർന്നിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ്. ഭരണം നിലനിർത്തുമെന്ന് വി. ശിവൻകുട്ടി അവകാശപ്പെട്ടു. "60 സീറ്റ് വരെ ബി.ജെ.പി. പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണ്."
കഴിഞ്ഞ തവണ യു.ഡി.എഫ്. - ബി.ജെ.പി. വോട്ടുകച്ചവടം ഉണ്ടായി. ഇത്തവണയും യു.ഡി.എഫ്. രംഗത്തുണ്ടായിരുന്നു. എന്നാൽ എൽ.ഡി.എഫിന്റെ വിജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളെയും മന്ത്രി വിമർശിച്ചു.
ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞത് കോൺഗ്രസിന്റെ നിലപാടായിരിക്കും. അത് ശരിയാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. "കേസിൽ സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ്. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.