ടെലിവിഷൻ രംഗത്തെ വനിതകളുടെ പ്രശ്നങ്ങൾ പഠിക്കാന്‍ പബ്ലിക് ഹിയറിങ് 11ന്
Sep 9, 2023, 08:56 IST

തിരുവനന്തപുരം: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനു കേരള വനിത കമ്മിഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിങ് 11നു രാവിലെ 10 മുതൽ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഹിയറിങ് ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷൻ അധ്യക്ഷ പി. സതിദേവി അധ്യക്ഷത വഹിക്കും.
വ്യത്യസ്ത തൊഴിൽ മേഖലകളിൽ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനൊപ്പം പ്രശ്ന പരിഹാരത്തിനുള്ള നിയമ അവബോധം നൽകുകയും പബ്ലിക് ഹിയറിങ്ങിൽ ഉരുത്തിരിയുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ശുപാർശകൾ നൽകുകയും ചെയ്യുമെന്നു വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. മലയാളം ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾ പബ്ലിക് ഹിയറിങ്ങിൽ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
