പി.ടി-7ന്റെ കാഴ്ച വീണ്ടെടുക്കാൻ ചികിത്സ തുടങ്ങി

പാലക്കാട്: വനംവകുപ്പ് പിടികൂടി സംരക്ഷിക്കുന്ന കാട്ടാന പി.ടി-7ന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ തുടങ്ങി. ഡോ. അരുണ്‍ സക്കറിയ, ഡോ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ചികിത്സ തുടങ്ങിയത്. ഭക്ഷണത്തിലൂടെ മരുന്ന് നൽകിയുള്ള ചികിത്സയോടൊപ്പം കൃത്യമായ ഇടവേളകളിൽ തുള്ളി മരുന്നും നൽകുന്നുണ്ട്. ശ്രമകരമായ ദൗത്യമാണെങ്കിലും വിദഗ്ധ ചികിത്സയിലൂടെ കൊമ്പന്റെ കാഴ്ചശക്തി വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരുടെ സംഘം.

സെപ്റ്റംബർ ഏഴിനാണ് പ്രത്യേകം തയാറാക്കിയ കൂട്ടിലായിരുന്ന പി.ടി ഏഴിനെ വ്യായാമത്തിനും വിദഗ്ധ ചികിത്സക്കുമായി പുറത്തിറക്കിയത്. കൂട്ടില്‍നിന്ന് പുറത്തിറക്കിയ കൊമ്പൻ ശാന്തനായാണ് ഡോക്ടർമാരടക്കമുള്ളവരോട് സഹകരിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.