വിവാഹവാഗ്ദാനം നൽകി ഒന്നരവർഷത്തോളം പീഡിപ്പിച്ചു; വിവാഹം നിശ്ചയിച്ചെങ്കിലും വരനെത്തിയില്ല; കേസ്

rape
 ആലപ്പുഴ: മാവേലിക്കര കുറത്തികാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കരാട്ടെ പരിശീലകന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയതായി പരാതി. പെണ്‍കുട്ടിയും കുടുംബവും വിവാഹവേദിയിലെത്തി നിരാശരായി മ‌ടങ്ങിയതിന് പിന്നാലെയാണ് ചുനക്കര സ്വദേശി എസ്.ദിവോദാസിനെതിരെ പോലീസിൽ പരാതി നല്‍കിയത്. നഴ്സിങ് വിദ്യാര്‍ഥിനിയും ചുനക്കരയില്‍ കരാട്ടേ പരിശീലകനായ ദിവോദാസും തമ്മില്‍ ഒന്നരവര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇടയ്ക്ക് ഇരുവരും കൊച്ചിയിലേക്ക് പോയി ഒരുക്ഷേത്രത്തില്‍ വച്ചു താലി കെട്ടുകയും ചെയ്തിരുന്നു. ഇതിനിടെ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നല്‍കിയിരുന്നു. തിരിച്ചെത്തിയ ശേഷം വിവാഹം കഴിക്കാമെന്ന് പൊലീസ് സ്റ്റേഷനില്‍ വച്ചുതന്നെ യുവാവ് എഴുതി നല്‍കി. നവംബര്‍ 11ന് ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് വിവാഹം തീരുമാനിച്ചു. പെണ്‍കുട്ടിയും കുടുംബവും വിവാഹത്തിനെത്തിയെങ്കിലും ദിവോദാസ് എത്തിയില്ല. അതേസമയം, വിവാഹം നടത്താന്‍ യുവാവിന്‍റെ കുടുംബം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. ഒന്നരവര്‍ഷത്തിനിടെ പലവട്ടം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ആരോപണമുണ്ട്. യുവാവിന്‍റെ വീട്ടിലെത്തി പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും കുടുംബം പറയുന്നു. കുറത്തികാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Share this story