റോബിന്‍ മാതൃകയില്‍ ശബരിമല യാത്രയ്ക്ക് സ്വകാര്യ ബസുകള്‍; നടപടിയുമായി എം.വി.ഡി

റോബിന്‍ ബസിന്റെ മാതൃകയില്‍ അഖിലേന്ത്യ പെര്‍മിറ്റില്‍ ബസ്സുടമകള്‍ ശബരിമലയ്ക്കും സര്‍വീസ് പ്രഖ്യാപിച്ചതോടെ സമാന്തര സര്‍വീസുകള്‍ക്കെതിരേ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. നിലവില്‍ കെ.എസ്.ആര്‍.ടി.സി. മാത്രമാണ് പമ്പയിലേക്ക് റൂട്ട് ബസായി സർവീസ് നടത്താൻ അനുവാദം ഉള്ളത്. അന്തര്‍സ്സംസ്ഥാന പാതകളിലെ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിഴ ഈടാക്കിയിരുന്നു.

റൂട്ട് സര്‍വീസ് ബസുകള്‍ക്കുള്ള പെര്‍മിറ്റ് സംവിധാനം ലംഘിക്കുന്ന രീതിയിൽ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ടൂറിസ്റ്റ് ബസുകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്കാണ് ഓള്‍ ഇന്ത്യ പെര്‍മിറ്റ് അനുവദിക്കുന്നത്. ഇവ റൂട്ട് ബസായി (സ്റ്റേജ് കാര്യേജ്) ഉപയോഗിക്കാന്‍ സാധിക്കില്ല. ഓള്‍ ഇന്ത്യ പെര്‍മിറ്റ് വ്യവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്താണ് റോബിന്‍ ബസ് ഓടിക്കാന്‍ ശ്രമിച്ചതെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിക്കുന്നു.