സംസ്ഥാന കലാപുരസ്കാര സമർപ്പണവും വിവിധ പദ്ധതികളുട ഉദ്ഘാടനവും ഇന്ന്

പാരമ്പര്യകലകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളുടെ സമർപ്പണവും നിള ക്യാമ്പസിൽ വള്ളത്തോൾ സ്മൃതി ഉദ്യാനത്തിന്റെ പൂർത്തീകരിച്ച ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ഇന്ന് (സെപ്റ്റംബർ 5) നിള ക്യാമ്പസിൽ (പഴയ കലാമണ്ഡലം) വൈകീട്ട് അഞ്ചിന് സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

വള്ളത്തോൾ നഗർ ക്യാമ്പസിൽ പുതുതായി നിർമ്മിക്കുന്ന സ്റ്റാഫ് കാന്റീൻ - കഫ്റ്റീരിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.
കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫസർ ഡോ. എം വി നാരായണൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യാതിഥിയാകും.
കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ക്ഷേമാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്തംഗം പി സാബിറ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമലാദേവി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ ഗിരീഷ്, ഭരണസമിതി അംഗങ്ങളായ ടി കെ വാസു, എൻ ആർ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, കെ രവീന്ദ്രനാഥൻ, ഡോ പി വേണുഗോപാലൻ, കെ വി രാജാനന്ദ്, ഡെപ്യൂട്ടി രജിസ്ട്രാർ പി ആർ ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.
2021ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയ കലാനിലയം രാഘവൻ, 2021ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയ കാക്കയൂർ അപ്പുക്കുട്ടൻ മാരാർ, 2021ലെ കേരളീയ നൃത്ത നാട്യ പുരസ്കാരം നേടിയ കലാമണ്ഡലം കെ പി ചന്ദ്രിക, 2022ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയ കലാമണ്ഡലം രാം മോഹൻ, 2022ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയ പുലാപ്പറ്റ ബാലകൃഷ്ണൻ, 2022ലെ കേരളീയ നൃത്തനാട്യ പുരസ്കാരം നേടിയ അരവിന്ദ് പിഷാരടി എന്നിവർക്കാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരം സമർപ്പിക്കുന്നത്.