കണ്ണൂര്‍ : ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്ക് സീറ്റില്ല.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഐഎം പിപി ദിവ്യയെ മാറ്റിയിരുന്നു. സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന്‍ ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്.
കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുക. കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന്‍ പെരളശ്ശേരിയില്‍നിന്ന് ജനവിധി തേടും.
അതേ സമയം, ജില്ലാ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ടമായി 42 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഡിഎഫിൽ ഇപ്പോഴും വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ.