കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ സി.ഐ.യുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനും, അതിൽ പരാമർശിക്കുന്ന സ്ത്രീ മൊഴി നൽകിയതിനും പിന്നാലെ ഉമേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കും. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.(Police officer's suicide note, Case likely to be filed against Vadakara DYSP after woman gives statement)
ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ. ആയിരുന്ന ബിനു തോമസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഉമേഷിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയർന്നത്. ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ നാല്, അഞ്ച്, ആറ് പേജുകളിലാണ് നിലവിൽ വടകര ഡി.വൈ.എസ്.പി.യായ എ. ഉമേഷിനെതിരായ ആരോപണങ്ങൾ ഉള്ളത്.
വടക്കാഞ്ചേരി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരിക്കെ പെൺവാണിഭ കേസിൽ കസ്റ്റഡിയിലെടുത്ത ഒരു സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം. ഈ സ്ത്രീയുമായി ബന്ധപ്പെടാൻ ഡി.വൈ.എസ്.പി. തന്നോടും നിർദ്ദേശിച്ചു എന്നും ബിനു തോമസ് ആരോപിച്ചിരുന്നു. ഈ സ്ത്രീയുടെ കാര്യം പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം നിയമനടപടിയിൽ നിന്ന് ഒഴിവാക്കാനായി തന്നെ ഉമേഷ് ബലാൽസംഗം ചെയ്തതായി യുവതി ഇന്നലെ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് മൊഴി നൽകി. ഇതോടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം ശരിവെയ്ക്കപ്പെടുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി.ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കാവുന്നതാണ്. എന്നാൽ സംഭവം നടന്നിട്ട് 10 വർഷം കഴിഞ്ഞതിനാൽ, പരാതിയുമായി മുന്നോട്ട് പോകാൻ പീഡനത്തിന് ഇരയായ സ്ത്രീ തയ്യാറായാൽ മാത്രമാകും പോലീസ് കേസ് രജിസ്റ്റർ ചെയ്യുക.
ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ബിനു തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി ഈ കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നവംബർ 15-നാണ് ചെർപ്പുളശ്ശേരിയിലെ പോലീസ് ക്വാർട്ടേഴ്സിൽ ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.