തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാഹുലിനെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, കേസിൽ പ്രതിയായ രാഹുലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ജാമ്യാപേക്ഷ നിലവിലുണ്ടെങ്കിലും അറസ്റ്റിന് തടസ്സമില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.(Police in search of Rahul Mamkootathil MLA, squad in each district )
കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലീസിന് കീഴിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശപ്രകാരം ഓരോ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലും പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.
രാഹുലിനൊപ്പം കേസിൽ പ്രതിയായ ജോബി ജോസഫിനായുള്ള തിരച്ചിലും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലായിരുന്നു വ്യാപകമായ പരിശോധന നടന്നത്. രാഹുലിന്റെയും ജോബിയുടേയും സുഹൃത്തുക്കളുടെ വീടുകളിലും മറ്റും പോലീസ് പരിശോധന നടത്തി.
ഇരുവർക്കും സഹായം നൽകാൻ സാധ്യതയുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ഇവർക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ചോദ്യം ചെയ്യലിലൂടെ ഒളിവിൽ കഴിയുന്ന പ്രതികളിലേക്ക് എത്താൻ കഴിയുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇന്ന് രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കും.
അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ ഈശ്വറിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ലാപ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ ആദ്യ മൊഴി. എന്നാൽ, പിന്നീട് മൊബൈൽ ഫോൺ കൈമാറിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ഫോൾഡറിൽ അപ്‌ലോഡ് ചെയ്ത വീഡിയോ പോലീസ് കണ്ടെത്തുകയായിരുന്നു.
ഈ കേസിൽ നാല് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്:രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ (കോൺഗ്രസ് നേതാവ്), രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ് എന്നിവരാണിത്. ദീപ ജോസഫ് രണ്ട് പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പോലീസ് പറയുന്നു. രാഹുൽ ഈശ്വറെ എ.ആർ. ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ഐഡികൾ പരാതിക്കാരി പോലീസിന് കൈമാറിയിരുന്നു.
ഇതിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തതിന് പുറമെ, സന്ദീപ് വാര്യർ, രഞ്ജിത പുളിക്കൻ, ദീപ ജോസഫ് എന്നിവർക്ക് ഹാജരാകാനായി സൈബർ പോലീസ് നോട്ടീസ് നൽകും. പരാതിക്കാരിയെക്കുറിച്ച് മോശം കമന്റുകൾ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ, പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും നീക്കം ചെയ്യാൻ ഫെയ്‌സ്ബുക്കിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.