നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു

നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊയിലാണ്ടി ചെട്ടിയാംകണ്ടി സ്വദേശി അനിൽകുമാറിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട മരുന്ന് കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അനിൽ പോസ്റ്റ് പിൻവലിച്ചു.

അതേസമയം, നിപ ബാധിച്ച് മരിച്ചയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും കോൺടാക്റ്റ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടുമെന്നും വീണാ ജോർജ് പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയ മന്ത്രിമാരും പങ്കെടുത്തു. നിപ സ്ഥിരീകരിച്ചയാൾ ആസ്പത്രിയിൽ ഒരു കാഴ്ചക്കാരനായാണ് എത്തിയത്. നിലവിൽ ചികിൽസയിലുള്ളയാൾ ഓഗസ്റ്റ് 30നാണ് ആശുപത്രിയിൽ എത്തിയതെന്നും മന്ത്രി പറഞ്ഞു.