പോക്സോ കേസ് പ്രതിക്ക് 22 വർഷം കഠിന തടവ്
Sep 17, 2023, 21:25 IST

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയ്ക്ക് 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര പാപ്പാത്ത് വീട്ടിൽ രാജുവിനെയാണ്(46) ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജി സി.ആർ. രവിചന്ദർ ശിക്ഷിച്ചത്. പിഴ സംഖ്യ അതിജീവിതക്ക് നൽകുന്നതിനൊപ്പം മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കും നിർദേശം നൽകി. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. പുതുക്കാട് എ.എസ്.ഐ ടി.ആർ. രാജൻ രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന എസ്.പി. സുധീരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. കെ.എൻ. സിനിമോൾ എന്നിവർ ഹാജരായി.