കാസർഗോഡ്: സ്പെഷ്യൽ സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതിയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ദേളി സ്വദേശിയായ 29 വയസ്സുകാരൻ മുബഷീർ ഇന്നലെയാണ് മരിച്ചത്. മുബഷീറിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോ കണ്ടെത്താനായില്ല.(POCSO case accused dies while on remand in Kasaragod jail)
ഹൃദയാഘാതം ഉണ്ടായതിന്റെ ലക്ഷണങ്ങളും റിപ്പോർട്ടിൽ പറയുന്നില്ല. കൃത്യമായ മരണകാരണം കണ്ടെത്താനായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
2016-ലെ പോക്സോ കേസിൽ ഈ മാസം അറസ്റ്റിലായ മുബഷീറിനെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ വെച്ച് മർദനമേൽക്കേണ്ടി വന്നതായി മുബഷീർ പറഞ്ഞിരുന്നു.
ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും, ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മർദനമേറ്റതായി സംശയമുണ്ട്. ശരീരം തടിച്ച് ചീർത്ത നിലയിലായിരുന്നു, കൂടാതെ നീലിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു. "തടിയൊന്നുമില്ലാത്ത മനുഷ്യനായിരുന്നു. പോലീസുകാർ മർദിച്ചതാണെന്നാണ് സംശയിക്കുന്നത്," ബന്ധു കൂട്ടിച്ചേർത്തു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി ബന്ധുവായ ഹനീഫ് അറിയിച്ചു.