കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ബലാത്സംഗക്കേസിൽ ആരോപണം ഉയർന്നപ്പോൾത്തന്നെ പാർട്ടി നടപടിയെടുത്തതാണെന്നും, വ്യക്തിപരമായ നിലപാടുകൾ പാർട്ടിയുടെ കൂട്ടായ തീരുമാനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ എം.പി. അഭിപ്രായപ്പെട്ടു. മറ്റേത് പാർട്ടിയേക്കാളും നല്ല രീതിയിലാണ് കോൺഗ്രസ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും ഷാഫി പറമ്പിൽ അവകാശപ്പെട്ടു.(Personal stance has not affected the decisions, Shafi Parambil MP on Rahul Mamkootathil issue)
ആരോപണം ഉയർന്ന ഘട്ടത്തിൽത്തന്നെ മാറിനിൽക്കുക എന്നത് രാഹുലും പാർട്ടിയും ഒരുമിച്ചെടുത്ത തീരുമാനമാണ്. പിന്നീട് കോൺഗ്രസ് പാർട്ടി രാഹുലിനെ സസ്‌പെൻഡ് ചെയ്തു. എം.എൽ.എ. എന്ന നിലയിൽ യു.ഡി.എഫിന്റെ ഭാഗമാക്കേണ്ടതില്ലെന്ന തീരുമാനവും നേതൃത്വം എടുത്തിട്ടുണ്ട്.
"രാഹുലുമായുള്ള തന്റെ അടുപ്പം എവിടെയും ഒരു തീരുമാനത്തിനും ബാധകമായിട്ടില്ല. കോൺഗ്രസ് നേതാക്കൾ ഓരോരുത്തരും വ്യക്തിപരമായ നിലപാടാണ് പറഞ്ഞതെങ്കിലും അതൊന്നും പാർട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല," ഷാഫി പറഞ്ഞു. നിലവിൽ ആരോപണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരായ കാര്യങ്ങൾ നിയമപരമായി പോകുന്നുണ്ട്. അത് ആ രീതിയിൽ പോകട്ടെയെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പാർട്ടി ഔദ്യോഗികമായി തീരുമാനിച്ച പ്രകാരമല്ല. വ്യക്തിപരമായി പിന്തുണ ആവശ്യപ്പെട്ടപ്പോൾ പ്രാദേശികമായി ഉണ്ടായ കാര്യമാണത്. ഔദ്യോഗികമായ പാർട്ടി പരിപാടികളിലൊന്നും രാഹുൽ പങ്കെടുത്തിട്ടില്ല, പ്രാദേശികമായി നടന്ന പരിപാടികളിലാണ് പങ്കെടുത്തിട്ടുള്ളത്. കോൺഗ്രസ് യുവ നേതൃനിരയിൽ ഈ സംഭവം തിരിച്ചടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിൽ പാർട്ടി ഒരു നടപടിയെടുത്തിട്ടുണ്ട്. അതിൽ കൂടുതൽ എന്തെങ്കിലും പാർട്ടി എടുക്കുകയാണെങ്കിൽ ആ നിലപാടിനൊപ്പമായിരിക്കും താനടക്കമുള്ള നേതാക്കളുടെ നിലപാടെന്നും ഷാഫി വ്യക്തമാക്കി. വി.ഡി. സതീശനുമായി അകൽച്ചയുണ്ടായോ എന്ന ചോദ്യത്തിന് അതെല്ലാം വാർത്തകൾ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാന രാഷ്ട്രീയമാണ് തന്റെ ഇഷ്ട പ്രവർത്തനമേഖലയെന്നും ദേശീയ രാഷ്ട്രീയത്തിൽ ഭാഗമാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.