പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിയിൽ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്.തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തു.
പൊലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തി എന്നും കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിർദേശമുണ്ട്.
പത്തനംതിട്ടയിൽ പതിനാറുകാരി അതിക്രൂര പീഡനത്തിനിരയായ കേസിലാണ് ആഭ്യന്തര വകുപ്പ് നടപടികൾക്ക് ഒരുങ്ങുന്നത്.കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവിഐസ് പി ആയിരുന്ന രാജപ്പൻ റാവുത്തറെയും സിഐ ശ്രീജിത്തിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ട സിഡബ്ല്യൂസി ചെയർമാനെയും നേരത്തെ സസ്‌പെൻഡ് ചെയ്തതാണ്.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാനെത്തിയ അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാൽ പ്രതിയായ അഭിഭാഷകനെ സംരക്ഷിക്കും വിധത്തിലാണ് പൊലീസിന്റെ ഇടപെടൽ. പരാതി കിട്ടിയിട്ടും കേസ് എടുക്കാതെയും പ്രതിയെ അറസ്റ്റ് ചെയ്യാതെയും പൊലീസ് ഗുരുതര കൃത്യവിലോപം നടത്തി. കോന്നി പൊലീസ് കൈമാറിയ കേസിൽ ആറന്മുള പൊലീസും പ്രതിയെ സഹായിക്കും വിധമാണ് ഇടപെട്ടത്.