തിരുവനന്തപുരം: വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ താമസിക്കുന്ന ഹൃദ്ദിക്ക് (28), പിതാവിൻ്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ആഡംബര ബൈക്ക് വാങ്ങാനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് നടത്തിയ ആക്രമണത്തിൽ സഹികെട്ട് പിതാവ് വിനയാനന്ദ് (52) തിരിച്ച് ആക്രമിച്ചതാണ് മരണകാരണമെന്നാണ് പോലീസ് കേസ്.(Parents attacked over luxury bike, Son beaten by father dies in Thiruvananthapuram)
ഒക്ടോബർ 9-ന് വഞ്ചിയൂരിലെ വീട്ടിലുണ്ടായ സംഭവത്തെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളേജ് ഐ.സി.യുവിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. മകനെ ആക്രമിച്ചശേഷം വിനയാനന്ദ് പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.
ഹൃദ്ദിക്ക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.അടുത്തിടെ മകന്റെ നിർബന്ധം കാരണം മാതാപിതാക്കൾ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ഒരു ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഒക്ടോബർ 21-ന് തൻ്റെ ജന്മദിനത്തിന് മുൻപായി 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന് ഹൃദ്ദിക്ക് വാശി പിടിക്കുകയും ആക്രമണം നടത്തുകയും ചെയ്തതാണ് സംഭവങ്ങൾക്ക് വഴിയൊരുക്കിയത്.
ഹൃദ്ദിക്ക് ആദ്യം പിതാവായ വിനയാനന്ദിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് അമ്മ അനുപമ പോലീസിന് നൽകിയ മൊഴി. ഇതിനെ തുടർന്നാണ് വിനയാനന്ദ് കമ്പിപ്പാര ഉപയോഗിച്ച് തിരിച്ച് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായ അടിയേറ്റ ഹൃദ്ദിക്ക് ബോധരഹിതനായി വീഴുകയായിരുന്നു. ബോധരഹിതനായി വീണ ഹൃദ്ദിക്കിനെ വിനയാനന്ദ് തന്നെയാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങും.