കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച 57 % പേരും വാക്സീനെടുത്തവർ; ആശങ്ക

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോവിഡ് ബാധിച്ച 57 % പേരും വാക്സീനെടുത്തവർ; ആശങ്ക
 തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്കുയരുന്നതായി കണക്കുകൾ. മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണെന്നതാണ് ആശങ്ക ഉയർത്തുന്നത്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍  ഫലം കുറയുന്നുണ്ടോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധര്‍. ഇന്നലെ കോവിഡ് ബാധിച്ച 6996ല്‍ 3841 പേരും വാക്സീന്‍ എടുത്തിരുന്നു. 2083 പേരും രണ്ടു ഡോസും എടുത്തവരാണ്. ഞായറാഴ്ച  10691  രോഗബാധിതരില്‍ 6303 പേരും കുത്തിവയ്പ് എടുത്തിരുന്നു. ശനിയാഴ്ചത്തെ  9470 കോവിഡ് പോസിറ്റീവ് കേസുകളില്‍ 5364 പേരും വാക്സീന്‍ ലഭിച്ചവരാണ് എന്നും ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. വാക്സീന്‍ എടുത്ത ആത്മവിശ്വാസത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും രോഗബാധയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വാക്സീനെടുത്തവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിദിന മരണസംഖ്യയും കുറയുന്നുണ്ട്.

Share this story