മലപ്പുറം: ഏറെ കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേസിലെ മറ്റു മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു.(Othayi Manaf murder case, Court finds first accused guilty)
മാലങ്ങാടൻ ഷഫീഖ് മുൻ എം.എൽ.എ. പി.വി. അൻവറിന്റെ സഹോദരീ പുത്രനാണ്. വെറുതെ വിട്ട പ്രതികൾ മാലങ്ങാടൻ ഷെരീഫ് (മൂന്നാം പ്രതി), നിലമ്പൂർ സ്വദേശി മുനീബ് (17-ാം പ്രതി), എളമരം സ്വദേശി കബീർ എന്ന ജാബിർ (19-ാം പ്രതി) എന്നിവരാണ്. 1995 ഏപ്രിൽ 13-ന് രാവിലെ ഒതായി അങ്ങാടിയിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണ നേരിട്ട നാല് പ്രതികളും 25 വർഷത്തോളം ഒളിവിലായിരുന്നു. മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവർ അടക്കമുള്ള 21 പ്രതികളെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഒന്നാം പ്രതിയായ മാലങ്ങാടൻ ഷഫീഖിനുള്ള ശിക്ഷ കോടതി ഉടൻ പ്രഖ്യാപിക്കും.