വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം; സെപ്റ്റംബർ എട്ട് മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: വോട്ടർപ്പട്ടികയിൽ പുതുതായി പേര് ചേർക്കാൻ സെപ്റ്റംബർ എട്ട് മുതൽ അവസരം. പുതുതായി പേര് ചേർക്കുന്നതിനായി ഓൺലൈനായി അപേക്ഷ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ മാസം 23നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
അന്തിമ പട്ടിക ഒക്ടോബർ 16ന് പ്രസിദ്ധീകരിക്കും. Sec.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാവുന്നതാണ്. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. sec.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും.

പട്ടികയിലെ വിവരങ്ങൾ തിരുത്തണമെങ്കിൽ ഓൺലൈനിലൂടെ അപേക്ഷിക്കാം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിൻ്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.