

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സിയുടെ പേരിൽ ഡ്രൈവർമാർ നിരത്തിൽ ഏറ്റുമുട്ടുമ്പോൾ തർക്കം രൂക്ഷമാക്കി സർക്കാർ. ഓൺലൈൻ ടാക്‌സികൾക്ക് അംഗീകാരമില്ലെന്ന് മന്ത്രി ക കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞതോടെ മൂന്നാറിൽ തുടങ്ങിയ സംഘർഷം മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഓൺലൈൻ ടാക്‌സികൾ പ്രവർത്തിക്കുന്നതെന്ന മോട്ടോർവാഹനവകുപ്പിന്റെ വിശദീകരണവും പ്രശ്നം ഗുരുതരമാക്കി.(Online taxi)
ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ കേന്ദ്രമാണ് 2020-ൽ മോട്ടോർ വെഹിക്കിൾസ് അഗ്രഗേറ്റർ പോളിസി ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് സംസ്ഥാനസർക്കാരും മാർഗനിർദേശം തയ്യറാക്കി ലൈസൻസ് നൽകണം. 2024 ഏപ്രിലിലാണ് സംസ്ഥാനനയം വന്നത്. 2025 ജൂലായിൽ കേന്ദ്രസർക്കാർ നയം പുതുക്കിയെങ്കിലും സംസ്ഥാനസർക്കാർ മാറ്റംവരുത്തിയില്ല. ആരും ലൈസൻസിന് അപേക്ഷിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് പരാതിപ്പെടുന്നുണ്ടെങ്കിലും നയം പുതുക്കി ഇറക്കാതെ ലൈസൻസ് നൽകാൻ കഴിയില്ല.
ലൈസൻസ്: സുരക്ഷയ്ക്കും നിരക്ക് നിയന്ത്രിക്കാനും
ഓട്ടോ ടാക്സി മുതലായവയുടെ നിരക്ക് സംസ്ഥാന സർക്കാരാണ് നിശ്ചയിക്കുന്നത്. അത് പോലെ ഓൺലൈൻ ടാക്സിയുടെ നിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ലൈസൻസ് ഏർപ്പെടുത്തിയത്. ഇൻഷുറൻസും ഫിറ്റ്‌നസുള്ള വാഹനങ്ങൾ, മികച്ച ഡ്രൈവർമാർ, സ്ത്രീയാത്രക്കാരുടെ സുരക്ഷ, എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് നയത്തിലുള്ളത്. നിലവിലുള്ള രണ്ട് ഓൺലൈൻ കമ്പനികളെ സഹായിക്കാൻവേണ്ടിയാണ് ആദ്യനയം നാലുവർഷത്തോളം വൈകിപ്പിച്ചതെന്ന ആക്ഷേപമുണ്ട്.