ഭാര്യക്ക് അശ്ലീല സന്ദേശം; യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റിൽ

crime scene
 തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാളിയാർ തച്ചമറ്റത്തിൽ അനുജിത്ത് , സഹോദരൻ അഭിജിത്ത് , എറണാകുളം തൃക്കാരിയൂർ തങ്കളം വാലയിൽ ജിയോ, മുതലക്കോടം പഴുക്കാക്കുളം പഴയരിയിൽ അഷ്‌കർ (23) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നു പോലീസ് അറിയിച്ചു. ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് അനുജിത്തിന്റെ ഭാര്യയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ വന്നത്. ഇരുപത്തിമൂന്നുകാരനാണ് ഇത് അയച്ചതെന്ന് പ്രതികൾ കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് തൊടുപുഴയിൽ ഇവർ യുവാവിനെ കണ്ടു. ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ഒരുരാത്രി മുഴുവൻ മർദിച്ചു. തുടർന്ന്, മണക്കാടെത്തിച്ച്‌ അനുജിത്ത് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവാവിന്റെ മൊഴി.ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്ലീലസന്ദേശം അയച്ചെന്ന പരാതിയിൽ പീഡനത്തിനിരയായ യുവാവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സി.ഐ. വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Share this story