കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

തിരുവല്ല: ഇരട്ടക്കൊലപാതകം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി.
തിരുവല്ല നിരണം കിഴക്കും ഭാഗം മുണ്ടനാരി വീട്ടിൽ മുണ്ടനാരി അഭിലാഷ് എന്ന് വിളിക്കുന്ന അജീഷ് കുമാറി (32) നെ ആണ് പുളിക്കീഴ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

തൃശൂരിൽ നടന്ന ഇരട്ടക്കൊലപാതക കേസിലടക്കം പ്രതിയായ അജീഷ് ദേശീയപാതയിൽ അടക്കം വാഹനം നിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, വീട് കയറി ആക്രമണം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പുളിക്കിഴ് പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരേ എട്ടോളം കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.