

'നൂറയെ ടോപ്പ് ഫൈവിലേക്കല്ല, ഫിനാലെ വീക്കിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്' എന്ന് മോഹൻലാലിൻ്റെ മുന്നറിയിപ്പ്. ഹൗസിനുള്ളിൽ നൂറയടക്കം പലരും, 'ഫൈനൽ ഫൈവിലേക്ക് തിരഞ്ഞെടുത്തു' എന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് മോഹൻലാൽ മുന്നറിയിപ്പ് നൽകിയത്. നേരത്തെ കൺഫഷൻ റൂമിൽ വിളിച്ച് നൂറയോട് നേരിട്ടും ബിഗ് ബോസ് ഇക്കാര്യം അറിയിച്ചിരുന്നു.
ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ഒന്നാമതെത്തിയാണ് നൂറ ഫിനാലെ വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണുകളിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിക്കുന്ന വ്യക്തി ഫൈനൽ ഫൈവിൽ എത്തിയിരുന്നു. ഇതാണ് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കുമിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഈ തെറ്റിദ്ധാരണയാണ് ഇപ്പോൾ മോഹൻലാൽ മാറ്റിയിരിക്കുന്നത്. ''നൂറ ഫൈനൽ ഫൈവിലെത്തിയതിനാൽ, മണി ബോക്സ് എടുത്ത് ഞാൻ പുറത്തുപോകും" എന്ന ആദിലയുടെ പദ്ധതിയടക്കം പൊളിച്ചുകൊണ്ട് ബിഗ് ബോസ് ബിഗ് മണി വീക്ക് അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് നൂറ ഫൈനൽ ഫൈവിൽ എത്തിയില്ലെന്ന അറിയിപ്പ്.
ഇപ്പോൾ വീട്ടിൽ 8 പേരാണ് അവശേഷിക്കുന്നത്. ഇതിൽ ഒരാൾ ഇന്ന് പുറത്തുപോകും. നെവിൻ, ആദില, സാബുമാൻ എന്നിവരാണ് എവിക്ഷനിൽ ഉള്ളത്. ആര് പോയാലും ഏഴ് പേർ ഫിനാലെ വീക്കിലെത്തും. ഈ ഏഴ് പേരിൽ നിന്ന് രണ്ട് പേർ കൂടി പുറത്തുപോയാലേ ഫൈനൽ ഫൈവിൽ അഞ്ച് പേർ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ ഒരു മിഡ്‌വീക്ക് എവിക്ഷനുണ്ടാവുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. നൂറ ഒഴികെ ബാക്കിയെല്ലാവരും ഈ ആഴ്ച നോമിനേഷനിൽ ഉണ്ടായിരുന്നു. ഇതിൽ അക്ബർ, ഷാനവാസ്, അനീഷ്, അനുമോൾ എന്നിവർ സേഫായി. ബാക്കി മൂന്ന് പേരിൽ ഒരാൾ ഇന്നത്തെ എപ്പിസോഡിൽ പുറത്താവും.