തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ബലാത്സംഗ പരാതികളിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ സംഘടനാപരമായ നടപടി മാത്രമേ പാർട്ടിക്ക് എടുക്കാൻ കഴിയൂ എന്നും, പോലീസ് അവരുടെ നടപടിക്രമങ്ങൾ തുടരട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.(No further comment, VD Satheesan on Rahul Mamkootathil issue)
കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എം.എൽ.എ എന്നിവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ വി.ഡി. സതീശൻ രൂക്ഷമായി പ്രതികരിച്ചു."വേണ്ടപ്പെട്ടവരെ ഇങ്ങനെയാണ് സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത്" എന്ന് അദ്ദേഹം ആരോപിച്ചു.
മസാല ബോണ്ടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. "ഇതിലൊന്നും കേരളത്തിൽ ഒരു നടപടിയും സ്വീകരിക്കില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പേടിപ്പിക്കുന്നത് മാത്രമാണ് നടക്കുന്നത്," അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ 2019-ലെ സ്പെഷൽ കമ്മിഷണറുടെ പങ്കും അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സ്പെഷ്യൽ കമ്മിഷണർ അറിയാതെ പോയത് ഹൈക്കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.