നിപ നിയന്ത്രണം ലംഘിച്ച് കോഴിക്കോട് എന്‍ഐടി; ക്ലാസുകളും പരീക്ഷയും നടത്തുന്നെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ നിപ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്ലാസുകളും പരീക്ഷയും നടത്തുന്നുവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. കണ്ടെയ്ൻമെന്റ് സോണില്‍ ഉള്‍പ്പെടാത്തതിനാല്‍ അവധി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തിൽ വിഡിറ്റർത്ഥികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. എംടെക്, ബിടെക്, എംബിഎ പരീക്ഷകളുടെ ഇന്റേണല്‍ പരീക്ഷകള്‍ എന്‍ഐടി നടത്തി. തിങ്കളാഴ്ചയും ക്ലാസുകളും പരീക്ഷയും തുടരുമെന്നാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്.നിപ വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ അങ്കണവാടികളും പ്രഫഷണല്‍ കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് കളക്ടര്‍ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എന്‍ഐടിയില്‍ ഈ നിര്‍ദേശം പാലിക്കാതെ ഓഫ്ലൈന് ക്ലാസുകള്‍ നടത്തുന്നെന്നാണ് പരാതി.

നിപയിൽ ആശ്വാസം: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയെന്നും ആരോഗ്യ മന്ത്രി
കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. 39 പേരുടെ പരിശോധനാഫലം കൂടി ഇനി കിട്ടാനുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്, ഇതില്‍ ഗുരുതരാവസ്ഥിയിലായിരുന്ന ഒന്‍പത് വയസുകാരന്റെ നില മെച്ചപ്പെടുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരശേഖരണം തുടരുകയാണ്. ചിലരെ തിരിച്ചറിഞ്ഞെങ്കിലും ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ആ സമയം ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല എന്നായിരുന്നു മറുപടി.സമ്പര്‍ക്കപട്ടികയില്‍ ഇനിയും കണ്ടെത്താനുള്ളവരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി പോലീസിന്റെ സഹായത്തോടെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.