നിപ; സമ്പർക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും വർധിക്കാം: ആരോഗ്യമന്ത്രി
Updated: Sep 14, 2023, 13:22 IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പർക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചട്ടം 300 പ്രകാരമാണ് പ്രസ്താവന.

നിപ രോഗനിർണയത്തിനായി സംസ്ഥാനത്ത് ലാബുകൾ ഒരുക്കിയിട്ടുണ്ട്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതിന് സംവിധാനം ഏർപ്പെടുത്തി. നിപയെ പ്രതിരോധിക്കാൻ സർക്കാർ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സ്വീകരിക്കുന്നത്. നിപ പകരുന്നത് ശരീര സ്രവങ്ങളിലൂടെയാണ്. തീവ്ര രോഗമുള്ളവരിൽ നിന്ന് മാത്രമാണ് പകരുന്നത്. രോഗലക്ഷണം ഇല്ലാത്ത ആളിൽ നിന്ന് മറ്റൊരാളിലേക്ക് നിപ പകരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.