നവവധുവിന്റെ ആത്മഹത്യ: ഭർത്താവിന് ഹൈകോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു

തലശ്ശേരി: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന് ഹൈകോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു. ഒളിവിൽ കഴിയവേ കതിരൂർ നാലാം മൈലിനടുത്ത മാധവി നിലയത്തിൽ സച്ചിൻ (31) സമർപ്പിച്ച ഹർജിയാണ് ഹൈകോടതി തള്ളിയത്. നേരത്തെ തലശ്ശേരി ജില്ല സെഷൻസ് കോടതിയും ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

കഴിഞ്ഞ ജൂൺ 12 നാണ് സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപർണികയിൽ മേഘ (28), ഭർതൃവീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ചത്. സച്ചിന്റെ ശാരീരികവും മാനസീകവുമായ പീഡനം സഹിക്കവയ്യാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് കതിരൂർ പൊലീസ് സച്ചിനെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മേഘയുടെ ശരീരത്തിൽ മർദനമേറ്റ നിരവധി പാടുകൾ ഉണ്ടെന്ന് രേഖപ്പെടുത്തിയതും മേഘയുടെ സുഹൃത്തിന്റെ മൊഴിയും വാദിക്ക് വേണ്ടി ഹാജരായ അഡ്വ. ഗായത്രി കൃഷ്ണൻ ഹൈകോടതി മുമ്പാകെ എത്തിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം സച്ചിനും മേഘയും വിവാഹിതരായത്.