നവകേരള സദസ്: മന്ത്രിമാര്‍ നേരിട്ട് പരാതി വാങ്ങില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
Nov 19, 2023, 17:36 IST

കാസര്‍ഗോഡ്: നവകേരള സദസില്‍ മന്ത്രിമാര്‍ നേരിട്ട് പരാതി വാങ്ങില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സംബന്ധിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്ര ഗൗരവമുള്ള പരാതിയാണെങ്കിലും നേരിട്ട് മന്ത്രിമാര്‍ക്ക് നല്‍കാനാവില്ല. തങ്ങള്‍ നേരിട്ട് പരാതി വാങ്ങിയാലും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അതുകൊണ്ട് സദസില്‍ പരാതി നല്‍കുന്നതോടെ ഉടനെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പരാതികള്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് നമ്പര്‍ വാങ്ങാന്‍ മാത്രമാണ് നവകേരള സദസില്‍ സൗകര്യമുള്ളത്. നേരത്തേ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ ആളുകള്‍ വീണ്ടും വിവിധ ആവശ്യങ്ങള്‍ക്കായി അവിടെ തന്നെ പോകേണ്ടി വരും.
ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ജനകീയമായത് പരാതി നേരിട്ട് വാങ്ങിയുള്ള ഇടപെടലിലൂടെയാണെന്നും പിണറായി ജനസമ്പര്‍ക്ക പരിപാടി കണ്ട് പഠിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നേരിട്ട് വാങ്ങില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചത്.
