തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് കുരുക്കായേക്കും. ദേവസ്വം ബോർഡിന്റെ അറിവോടെയാണ് സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്.(N Vasu's remand report in Sabarimala gold theft case might entangle Padmakumar)
സ്വർണം പൂശിയ കട്ടിളപ്പാളിയാണെന്ന കാര്യം എൻ. വാസുവിന് അറിയാമായിരുന്നു. എന്നിട്ടും, സ്വർണം ചെമ്പാക്കി മാറ്റാൻ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. 'സ്വർണം പൂശിയത്' എന്ന പരാമർശം കമ്മീഷണർ മനഃപൂർവ്വം ഒഴിവാക്കിയെന്നും, ഈ രേഖ വെച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴികളിൽ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എസ്.ഐ.ടി. തീരുമാനിച്ചു.
2019-ൽ എ. പത്മകുമാർ അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. ഇത് പൂർത്തിയായ ശേഷം പത്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങൾക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കും. ഇതിന് മുന്നോടിയായി, ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) അപേക്ഷ നൽകി. വ്യക്തിപരമായ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സാവകാശം തേടിയതെന്നാണ് സൂചന.
സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഈ നിർണായക നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പത്മകുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം സാവകാശം തേടുകയായിരുന്നു. എങ്കിലും, അദ്ദേഹത്തെ അധികം വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഴിമതി നിരോധന വകുപ്പുകൾ (പി.സി. ആക്ട്) കൂടി ചുമത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ റാന്നി കോടതിയിൽ നിന്നും കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, പ്രതികളിലൊരാളായ മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷ പരിഗണിക്കുന്നത് റാന്നി കോടതി മാറ്റി വെച്ചിട്ടുണ്ട്.