തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ അധിക്ഷേപകരമായ പരാമർശം തള്ളി ലീഗ് നേതൃത്വം. വിമർശനങ്ങൾ ഒരിക്കലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുറന്നടിച്ചു. പരാമർശത്തിനെതിരെ രാഷ്ട്രീയ രംഗത്ത് പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സലാമിന്റെ നിലപാടിനെതിരെ തങ്ങൾ രംഗത്തെത്തിയത്.(Muslim League leadership rejects PMA Salam's remarks against CM)
സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിനെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പി.എം.എ. സലാം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്.
"കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പി.എം. ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം," എന്നായിരുന്നു പി.എം.എ. സലാമിന്റെ പരാമർശം.
ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും എന്നാൽ അത് വ്യക്തിപരമായ അതിരുകൾ ലംഘിക്കരുതെന്നും തങ്ങൾ വ്യക്തമാക്കി. പി.എം.എ. സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് സി.പി.ഐ.എം. ആവശ്യപ്പെട്ടിരുന്നു.
പി.എം.എ. സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകൾ പാലിക്കാത്തതുമാണെന്ന് സി.പി.ഐ.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് വിമർശിച്ചു. ലീഗ് ജനറൽ സെക്രട്ടറിയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് രാഷ്ട്രീയ മര്യാദയുടെ അതിർവരമ്പുകൾ ഓർമ്മിപ്പിച്ച് പാർട്ടി അധ്യക്ഷൻ തന്നെ വിഷയത്തിൽ ഇടപെട്ടത്.