

മലപ്പുറം: എടപ്പാളിനടുത്ത് കണ്ടനകത്ത് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) ആണ് സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനയെ (27) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.(Mother kills daughter by drowning and commits suicide in Malappuram)
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകൻ ജോലിക്ക് പോയ സമയത്താണ് അമ്മയും മകളും വീട്ടിൽ ഒറ്റയ്ക്കായത്. സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനയെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അനിതാകുമാരി വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിലെത്തിയ മകനാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുൻപ് മരിച്ചിരുന്നു. ഈ സംഭവത്തിൽ അവർ കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് വിവരം.
കൂടാതെ, മകളുടെ രോഗത്തിന് മതിയായ ചികിത്സ നൽകാൻ കഴിയാത്തതിലുള്ള വിഷമവും അനിതാകുമാരിയെ അലട്ടിയിരുന്നതായി പോലീസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും മകളുടെ രോഗാവസ്ഥയും ഭർത്താവിന്റെ വേർപാടുമാണ് ഈ കടുംകൈക്ക് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.