നാഷണൽ പെർമിറ്റ് ദുരുപയോഗം: ഉന്നതല യോഗം 5ന്

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണൽ പെർമിറ്റിന്റെ മറവിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ 5ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും കെ.എസ്.ആർ.ടി.സി.യിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

വനിതാ ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമം; അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസിൽ പരാതി നൽകിയ വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുന്നത്. ഇതിനുശേഷമാകും പ്രതിയായ സീനിയർ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക.
വനിതാ ഡോക്ടറുടെ വാക്കാലുള്ള പരാതി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. 2019ൽ അതേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.