തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ ശേഷം കാണാതായ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും കണ്ടെത്തി. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബി.എഫ്.ഒ. രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.(Missing forest officials found in Bonacaud forest)
ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ കാണാതായത് സംബന്ധിച്ച് വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി. സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഈ വ്യക്തിക്കായി തെരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെയോടെയാണ് സംഘത്തെ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് മൂവരും ബോണക്കാട് ഉൾവനത്തിലേക്ക് പോയത്. കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ആർ.ആർ.ടി. ഉൾപ്പെടെയുള്ള സംഘങ്ങൾ തെരച്ചിൽ ഊർജിതമാക്കിയിരുന്നു. കാണാതായവരെ സുരക്ഷിതമായി കണ്ടെത്തിയതോടെ ദിവസങ്ങളായുള്ള ആശങ്കയ്ക്ക് വിരാമമായി.