തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന നേതാവിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത, മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശമാണിതെന്നും മന്ത്രി രൂക്ഷമായി വിമർശിച്ചു.(Minister V Sivankutty on PMA Salam's controversial remarks)
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെയാണ് സലാം വിമർശനത്തിന്റെ ആധാരമായി പറയുന്നത്. എന്നാൽ, എന്ത് വിഷയം ഉന്നയിക്കുമ്പോഴും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യ ബോധം പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. പി.എം.എ. സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിഷയാധിഷ്ഠിതമായി സംവദിക്കാനോ സർക്കാരിന്റെ നയങ്ങളെ വിമർശിക്കാനോ കഴിയാത്ത ഘട്ടത്തിലാണ് ഇത്തരം നിലവാരം കുറഞ്ഞ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് തിരിയുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരള സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ മാറ്റങ്ങളും മതേതര സ്വഭാവം നിലനിർത്താൻ കൈക്കൊണ്ട സമീപനങ്ങളും നേടിയ ജനകീയ അംഗീകാരവും കണ്ടുള്ള നിരാശയും രാഷ്ട്രീയ പാപ്പരത്വവുമാണ് ഇത്തരം വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.