

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ (വി.സി.) നിയമനത്തിനായി തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽ മെറിറ്റ് അവഗണിക്കപ്പെട്ടുവെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയിൽ. ഈ നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നും ഗവർണർ കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ പറയുന്നു.
സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് ജസ്റ്റിസ് സുധാൻഷു ധുലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റിയാണ് വി.സി. നിയമനത്തിനായി പാനൽ തയ്യാറാക്കിയത്. ഡിജിറ്റൽ സർവകലാശാലയ്ക്ക് അഞ്ച് പേരും സാങ്കേതിക സർവകലാശാലയ്ക്ക് നാല് പേരും അടങ്ങുന്ന പാനലുകളാണ് കമ്മിറ്റി നൽകിയത്. ഈ രണ്ട് പാനലുകളിലും ഇടംപിടിച്ച രണ്ട് പേരുണ്ടെന്നും, വി.സി. നിയമനത്തിന് ഏറ്റവും യോഗ്യതയുള്ളവർ ഇവരാണെന്നും ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു.
എന്നാൽ ഒക്ടോബർ 14-ന് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയിൽ, രണ്ട് പാനലുകളിലും ഉൾപ്പെട്ട ഈ രണ്ട് പേർക്കും മുൻഗണന നൽകിയിട്ടില്ല എന്ന് ഗവർണർ ആരോപിച്ചു.മെറിറ്റ് അവഗണിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രി ഇടപെട്ടാണെന്നും ഗവർണർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം ഇതോടെ സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്.