മെഡിക്കൽ കോളജ് ജോലി തട്ടിപ്പ്; പ്രതിയെ സഹായിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി പരാതി
Nov 20, 2023, 21:56 IST

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നതെങ്കിലും നാട്ടിൽ തന്നെയുണ്ടെന്ന് പരാതിക്കാർ പറയുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ പൊക്കുന്ന് തച്ചയിൽ പറമ്പ് വി. ദിദിൻകുമാർ കുടംബസമേതം റെയിൽവേ സ്റ്റേഷനിലെത്തിയത് പരാതിക്കാരിൽ ഒരാളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പരാതിക്കാരൻ ഇവരെ പിന്തുടർന്നു. ഇതു മനസ്സിലാക്കിയ പ്രതി റെയിൽവേ സ്റ്റേഷനിൽനിന്നു മുങ്ങി. പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്നും പരാതിക്കാർ പറയുന്നു. പൊലീസ് ഇയാൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിക്കൊടുക്കയാണെന്നും തട്ടിപ്പിനിരയായവർ ആരോപിക്കുന്നു.
മെഡിക്കൽ കോളജിൽ ആശുപത്രി വികസനസമിതിക്ക് കീഴിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്താണ് ദിദിൻ ആളുകളിൽനിന്ന് പണം തട്ടിയത് . 40 ഓളം പേരിൽനിന്ന് ഒന്നരക്കോടിയോളം ഇയാൾ തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.