പാലക്കാട്: വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. വാണിയംകുളം അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫർണീച്ചർ എന്ന സ്ഥാപനത്തിന്റെ ഷെഡ്ഡാണ് പൂർണ്ണമായും കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീ ആളിപ്പടർന്നത്.(Massive fire breaks out in Palakkad Furniture shop)
നിർമ്മാണം കഴിഞ്ഞ് പോളിഷിങ്ങിനായി മാറ്റിയിട്ട കട്ടിലുകൾ, ടീപ്പോയികൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകളാണ് കത്തി നശിച്ചത്. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ സന്തോഷ് പറഞ്ഞു. തൊട്ടടുത്തുള്ള തടി മില്ലിലേക്കും തീ പടർന്നിരുന്നു.
ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ ആറ് മണിവരെ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണച്ചത്. തീപിടുത്തത്തിൽ ഷെഡ് പൂർണ്ണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.