ആലുവയിൽ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടിത്തം
Nov 20, 2023, 20:30 IST

ആലുവ: ജൈവ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടുത്തം. ആലുവ അസീസി സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന എംആർടി ഓർഗാനിക് ഗ്രീൻ പ്രൊഡക്ട് കമ്പനിയിലാണ് രാത്രി 12 ഓടെ വൻ തീപിടിത്തമുണ്ടായത്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ഗാന്ധിനഗർ എന്നീ നിലയങ്ങളിൽനിന്നു ഏഴു യൂണിറ്റ് വാഹനങ്ങളെത്തി രണ്ടു മണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ തീയിൽ അകപ്പെട്ടെങ്കിലും അതിവേഗത്തിൽ എടുത്തു മാറ്റിയതിനാൽ പൊട്ടിത്തെറി ഒഴിവാക്കാൻ സാധിച്ചു. ഇന്നു കയറ്റുമതി നടത്തുന്നതിനായി പായ്ക്ക് ചെയ്ത വസ്തുക്കൾ ഉൾപ്പെടെയാണ് അഗ്നിക്കിരയായത്. എന്നാൽ പ്രധാന ഗോഡൗണിലേക്ക് തീപടരാതെ കമ്പനിയുടെ ഇരുഭാഗത്തുനിന്നും സേനാംഗങ്ങൾ പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. ശക്തമായ പുകയും തീപിടിച്ച ഭക്ഷ്യവസ്തുക്കളുടെ രൂക്ഷഗന്ധവും കാരണം ആദ്യഘട്ടത്തിൽ അഗ്നിശമനാംഗങ്ങൾക്ക് കെട്ടിടത്തിൽ കയറാനായില്ല. ശ്വസന സഹായ യന്ത്രങ്ങൾ ഉപയോഗിച്ചാണ് അകത്തുകയറിയത്.
ഇടയ്ക്കിടയ്ക്ക് ഫുഡ് കാനുകൾ പൊട്ടിത്തെറിച്ചതിനാൽ സാഹസികമായാണ് തീയണച്ചതെന്ന് പെരുമ്പാവൂർ അഗ്നിരക്ഷാ യൂണിറ്റംഗങ്ങൾ പറഞ്ഞു. സമീപത്തുനിന്ന് വെള്ളവും ലഭിക്കാതിരുന്നത് വെല്ലുവിളിയായിരുന്നു.
