മണിപ്പൂര്‍ വിഷയത്തില്‍ മോദിക്കെതിരെ മാര്‍ ജോസഫ് പാംപ്ലാനി

കാസര്‍ഗോഡ്: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ചേര്‍ത്ത് പിടിക്കുന്ന പോലെ മണിപ്പൂരില്‍ ആക്രമിക്കപ്പെട്ട സഹോദരിമാരെ ചേര്‍ത്ത് പിടിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും പാംപ്ലാനി വ്യക്തമാക്കി. നരേന്ദ്രമോദി ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമുള്ള പ്രധാനമന്ത്രിയല്ല. ഭാരതം എന്ന് പേര് മാറ്റിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും പാംപ്ലാനി വിമർശിച്ചു.

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തേയും മാര്‍ ജോസഫ് പാംപ്ലാനി രംഗത്തുവന്നിരുന്നു. മണിപ്പൂരിലേത് വംശഹത്യയാണെന്ന് പറയേണ്ടിവരുമെന്നാണ് പാംപ്ലാനി പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റേത് ഗുരുതരവീഴ്ചയാണ്. സര്‍ക്കാര്‍ ശരിയായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.