വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
Nov 21, 2023, 22:21 IST

മണ്ണുത്തി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ഹോസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷാനു എന്ന ഷമീമിനെ (35)യാണ് മഹാരാഷ്ട്രയിൽ നിന്ന് മണ്ണുത്തി പൊലീസ് പിടികൂടിയത്. പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് ചെറുകിട വ്യാപാരിയെന്ന നിലയിൽ പച്ചക്കറികൾ ഫോണിലൂടെ ഓർഡർ ചെയ്ത്, വിൽപന കേന്ദ്രങ്ങളിലെത്തിക്കാൻ ആവശ്യപ്പെടുകയും, ചെറുകിട വ്യാപാരികളിൽ നിന്ന് ഡിജിറ്റൽ പേമെന്റ് വഴി പണം തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി.
ഇത്തരത്തിൽ മണ്ണുത്തിയിലെ വിൽപന കേന്ദ്രത്തിൽ നിന്ന് കിഴക്കുമ്പാട്ടുകരയിലെ കടകളിലേക്ക് എത്തിച്ച പച്ചക്കറിയുടെ വിലയിനത്തിൽ 68,718 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.