കൊല്ലം: കുരീപ്പുഴ കായലിൽ കെട്ടിയിട്ടിരുന്ന നിരവധി ബോട്ടുകൾക്ക് വൻ തീപിടിത്തം. തീപിടിത്തത്തിൽ ട്രോളിങ് ബോട്ടുകൾ അല്ലാത്ത ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.(Major fire breaks out in Kollam, Several boats have burnt down)
പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് അഗ്നിക്കിരയായത്.
തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ വിശദീകരിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ ഉടൻതന്നെ മാറ്റി സ്ഥാപിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. കായലിൽ ഉണ്ടായിരുന്ന ചീനവലകൾക്കും തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.