പത്തനംതിട്ട: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ അതിജീവിതയെ അധിക്ഷേപിച്ചും രാഹുലിന് പിന്തുണ നൽകിയും മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ബിനുവിന്റെ വിവാദപരമായ പരാമർശങ്ങൾ.(Mahila Congress leader insults survivor on Rahul Mamkootathil issue)
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിന്ദു ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വാദിക്കുന്നതിനൊപ്പം, ഇരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങളും പോസ്റ്റിലുണ്ട്. "ഭർതൃമതിയുടെ ത്വര കൊള്ളാം" തുടങ്ങിയ നിരവധി പരാമർശങ്ങളാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാഹുലിന്റെ സ്വന്തം ജില്ലക്കാരിയായ സജീവ പ്രവർത്തകയാണ് ബിന്ദു ബിനു. ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്. നേരത്തെയും രാഹുലിനെതിരെ ആരോപണമുയർന്നപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ചേരിതിരിവുണ്ടായിരുന്നു. ലൈംഗിക പീഡന പരാതിയിലെ ഇരയെ ഒരു വനിതാ നേതാവ് തന്നെ പരസ്യമായി അധിക്ഷേപിച്ച നടപടി കോൺഗ്രസിനുള്ളിലും പുറത്തും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.