നോക്കൂ. .. ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? : മന്ത്രി ആർ ബിന്ദു

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ ക്യാബിനറ്റ് ബസ് യാത്രയ്‌ക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി ആർ ബിന്ദു. കോളേജ് വിദ്യാർഥികൾ ടൂറിനു പോകുന്ന കോച്ചുകൾ കൂടുതൽ സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ എവിടെയാണ് ആഡംബരം കാണാനാകുകയെന്നും മന്ത്രി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്:
നോക്കൂ. .. ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്. ... ഞങ്ങളുടെ ഈ യാത്ര വികസിതനവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗമാണ്. .. ഏറ്റെടുക്കുന്നു, സാഭിമാനം. .....
അതിനിടെ കാസർകോട് ജില്ലയിലെ വടക്കൻ അതിർത്തി ഗ്രാമമായ പൈവളികെയിൽ നവകേരള സദസ് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സംഘാടകർ തലയിൽ തലപ്പാവ് ചാർത്തിയാണ് സ്വീകരിച്ചത്. മന്ത്രി കെ രാജൻ അധ്യക്ഷനായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നവകേരള സദസ് ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിക്കും.