

മാവേലിക്കര: പതിമൂന്ന് വർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്കേമങ്കുഴി മുറിയിൽ പേരൂർ കോട്ടയിൽ വീട്ടിൽ മോഹനൻ (55) ആണ് പിടിയിലായത്. 2012 ജനുവരി ഒന്നിന് ആധാര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തെക്കേ മങ്കുഴി സ്വദേശിയായ സുശീലനെ മർദിച്ച കേസിലെ പ്രതിയായിരുന്നു ഇയാൾ. കേസിനെ തുടർന്ന് കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് മോഹനനെതിരെ ലോങ് പെൻ്റിങ് (LP Warrant) വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോങ് പെൻ്റിങ് കേസുകളിലെ പ്രതികളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സുശീലനെ മർദിച്ചതിന് പിന്നാലെ ഒളിവിൽ പോയ മോഹനൻ, പല സ്ഥലങ്ങളിൽ കൂലിപ്പണി ചെയ്തും ലോട്ടറി വിറ്റുമാണ് കഴിഞ്ഞിരുന്നത്. പ്രതി രാത്രികാലങ്ങളിൽ വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ വന്നു പോകുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂർ മടത്തുംമട ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A 55-year-old man identified as Mohanan from Bharanikavu, Mavelikkara, was arrested by the Police after being on the run for 13 years based on a Long Pending (LP) warrant.