
TimesKerala വാർത്താ സംഗ്രഹത്തിലേക്ക് സ്വാഗതം. ഇന്നത്തെ പ്രധാന വാർത്തകൾ ഏതൊക്കെയെന്ന് നോക്കാം.
സുഡാനിലെ എൽ ഫാഷറിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) നടത്തിയ കൂട്ടക്കൊലയിൽ സൗദി ഹോസ്പിറ്റലിൽ 460 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണം ആസൂത്രിതമാണെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊകാമയിലെ ജെഡിയു സ്ഥാനാർത്ഥിയും മുൻ എം.എൽ.എയുമായ അനന്ത് സിംഗ് അറസ്റ്റിൽ. ജൻസുരാജ് പാർട്ടി പ്രവർത്തകൻ ദുലർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പട്ന പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ ഈ അറസ്റ്റ് വലിയ കോളിളക്കമുണ്ടാക്കി.
കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിലെ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം. ശുദ്ധമല്ലാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ പടരുന്ന നെഗ്ലേരിയ ഫൗളറി അമീബയാണ് രോഗകാരണം. 97% മരണനിരക്കുള്ള ഈ അപൂർവ രോഗം ആരോഗ്യവകുപ്പിൽ ആശങ്കയുയർത്തുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
രാജ്ഭവനിലെ കേരളപ്പിറവി ആഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വീണ്ടും ഉൾപ്പെടുത്തിയത് വിവാദമായി. ചിത്രം ഒഴിവാക്കാൻ മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെടുകയും രാജ്ഭവൻ സമ്മതിക്കുകയും ചെയ്തിരുന്നതാണ്. എന്നിട്ടും മുൻ വിവാദങ്ങൾക്കിടയിലും രാജ്ഭവൻ ഇത് ഉൾപ്പെടുത്തി നിലപാട് കടുപ്പിച്ചു. മന്ത്രിമാർ ചടങ്ങുകളിൽ നിന്ന് ഇറങ്ങിപ്പോവുകയും ഗവർണറും മുഖ്യമന്ത്രിയും കത്തുകളിലൂടെ തർക്കിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ അധിക്ഷേപ പരാമർശം ലീഗ് നേതൃത്വം തള്ളി. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള പ്രസംഗത്തിലാണ് സലാം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്.
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ പി.കെ. കുഞ്ഞാലിക്കുട്ടി രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സർക്കാരാണെന്നും ഇത് ജനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം കേന്ദ്രഫണ്ട് നഷ്ടപ്പെടുത്തുമെന്നും യു.ഡി.എഫ് ബദൽ മാർഗം കൊണ്ടുവരുമെന്നും കൂട്ടിച്ചേർത്തു. പി.എം.എ. സലാമിന്റെ വിവാദ പരാമർശം ലീഗിന്റെ രീതി അല്ലെന്നും പാർട്ടി തിരുത്തിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ തിരയിൽപ്പെട്ട് മരിച്ചു. അഫ്നൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. അപകടകരമായ മേഖലയിലാണ് ഇവർ കടലിലിറങ്ങിയതെന്ന് പ്രദേശവാസികൾ അറിയിച്ചു. ഒരു റിസോർട്ടിൽ താമസിച്ചുവരികയായിരുന്ന എട്ടംഗ ഡോക്ടർമാരുടെ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ.
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കച്ചമുറുക്കി. കോൺഗ്രസ് 48 വാർഡുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ കവടിയാറിൽ മത്സരിക്കും. യുവ നേതാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പുരോഗമിക്കുന്നു.
ബിഹാറില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്താന് ഒപ്പം കോണ്‍ഗ്രസിനും ഞെട്ടല്‍ ഉണ്ടാക്കിയെന്ന് നരേന്ദ്രമോദി.പ്രതിപക്ഷം ബിഹാറില്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് ബിഹാറിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചു.
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകീട്ട് 5.26-ന് എൽവിഎം-3 (ബാഹുബലി) റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ സമുദ്രമേഖലയിലും ആശയവിനിമയം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇത് ദേശസുരക്ഷയ്ക്ക് അതീവ നിർണായകമാണ്.